ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം
കേരളത്തിലെ ഏറ്റവും പുതിയ ബ്ലോക്ക് പഞ്ചായത്തുകളിൽ ഒന്നാണ് പരപ്പ ബ്ലോക്ക് പഞ്ചായത്ത്, . കേരളത്തിലെ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ പുനഃസംഘടനയുടെ ഭാഗമായി 2010-ലാണ് പരപ്പ ബ്ലോക്ക് പഞ്ചായത്ത് രൂപീകൃതമായത്. 2010-ന് മുമ്പ് നിലവിലെ പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള പ്രദേശങ്ങൾ നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റേയും, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെയും ഭാഗമായിരുന്നു. കാസർഗോഡ് ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലെ വിശാലമായ ഭൂപ്രദേശം, പ്രത്യേക ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങൾ, വികസന ആവശ്യകതകൾ എന്നിവ പരിഗണിച്ചാണ് കേരള സർക്കാർ പരപ്പ ആസ്ഥാനമായി ഒരു പുതിയ ബ്ലോക്ക് പഞ്ചായത്ത് രൂപീകരിക്കാൻ തീരുമാനിച്ചത്. വടക്ക് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത്, തെക്ക് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ,കിഴക്ക് ദക്ഷിണ കന്നട കുർഗ് ജില്ല ,പടിഞ്ഞാറ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് എന്നിങ്ങനെ അതിർത്തി പങ്കിടുന്ന പരപ്പ ബ്ലോക്ക് മലകളും കുന്നുകളും ചെരിവുകളും കുറച്ച് ഭാഗം മാത്രം സമതലങ്ങമുള്ള പ്രദേശത്ത് 2 പ്രധാന പുഴകളും നിരവധി തോടുകളും നീർച്ചാലുകളും ഉണ്ടെങ്കിലും ഭൂപ്രകൃതിയുടെ പ്രത്യേകതകൾ കൊണ്ട് പശ്ചിമഘട്ടത്തിന്റെ താഴ്വാര പ്രദേശങ്ങളുടെ ഭാഗമായ ഈ മേഖല സമ്പന്നമായ ജൈവവൈവിധ്യം, വനസമ്പത്ത്, നദികൾ, മലനിരകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവകൊണ്ട് പ്രശസ്തമാണ്.
കാസർഗോഡ് ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലെ ജനങ്ങളിലേക്ക് ഭരണവും വികസനവും കൂടുതൽ അടുപ്പിക്കുന്നതിനായി സ്ഥാപിക്കപ്പെട്ടതും ഇന്ന് സമഗ്രവും സുസ്ഥിരവുമായ ഗ്രാമീണ വികസനത്തിന് നേതൃത്വം നൽകുന്ന ഒരു ചലനാത്മക പ്രാദേശിക സ്വയംഭരണ സ്ഥാപനമായി വളർന്നതുമാണ് പരപ്പ ബ്ലോക്ക് . ഭരണപരമായ കാര്യക്ഷമത വർധിപ്പിക്കുക,അധികാര വികേന്ദ്രീകരണവും പ്രാദേശിക സ്വയംഭരണ സംവിധാനവും ശക്തിപ്പെടുത്തുക,മലയോര, ദുർഗമ, ആദിവാസി മേഖലകളിൽ വികസന പദ്ധതികളുടെ ഫലപ്രദമായ നടപ്പാക്കൽ ഉറപ്പാക്കുക, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികൾ ജനങ്ങളിലേക്ക് കൂടുതൽ കാര്യക്ഷമമായി എത്തിക്കുക, എന്നതാണ് പുതിയ ബ്ലോക്ക് പഞ്ചായത്ത് രൂപീകരിച്ചതിന്റെ പ്രധാന ലക്ഷ്യങ്ങൾ. പനത്തടി, കോടോം ബേളൂർ, ഈസ്റ്റ് എളേരി , വെസ്റ്റ് എളേരി , കള്ളാർ ,കിനാനൂർ കരിന്തളം, ബളാൽ എന്നിങ്ങനെ 7 ഗ്രാമ പഞ്ചായത്തുകളിലായി 542.72 ചതുരശ്ര കി.മീ.ഭൂവിസ്തൃതിയിൽ 181247 പേരാണ് അധിവസിക്കുന്നത് . ജനസംഖ്യയുടെ 22% പേർ പട്ടികവർഗ്ഗക്കാരാണ്. പശ്ചിമഘട്ടത്തിന്റെ താഴ്വാരങ്ങളിൽ വിരിഞ്ഞുകിടക്കുന്ന ഈ നാട് സമ്പന്നമായ ജനകീയ കലാരൂപങ്ങൾ, ആദിവാസി പൈതൃകം, മതസൗഹാർദ്ദം, ആചാരാനുഷ്ഠാനങ്ങൾ, കാർഷിക പാരമ്പര്യം എന്നിവയുടെ സംഗമഭൂമിയാണ്.
തെയ്യം, നാട്ടുപാട്ടുകൾ, ക്ഷേത്രോത്സവങ്ങൾ, വിവിധ മതസമൂഹങ്ങളുടെ ആഘോഷങ്ങൾ എന്നിവ പരപ്പയുടെ സാംസ്കാരിക ജീവിതത്തിന് നിറവും ചൈതന്യവും പകരുന്നു. മലവേട്ടുവൻ, മാവിലൻ, കരിമ്പാലൻ തുടങ്ങിയ ആദിവാസി സമൂഹങ്ങൾ തങ്ങളുടെ തനത് ആചാരങ്ങളും പാരമ്പര്യ അറിവുകളും ഇന്നും സംരക്ഷിച്ചുവരുന്നു.
. പഞ്ചായത്ത് രാജ് നിയമ പ്രകാരം തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണ സമിതിയാണ് ഈ സ്ഥാപനത്തിന്‍റെ ഭരണം നടത്തുന്നത് . അംഗങ്ങളും 7 ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരും അടങ്ങുന്നതാണ് ഭരണ സമിതി . ഭരണ സമിതിയിലെ അംഗങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ചെയർന്മാരും ,അംഗങ്ങളും ഉൾകൊള്ളുന്ന ധനകാര്യം ,വികസന കാര്യം ആരോഗ്യവും വിദ്യാഭ്യാസവും ക്ഷേമ കാര്യം എന്നീ സ്റ്റാന്‍ഡിംഗ് കമ്മിറ്റികളും യോഗം ചേർന്നാണ് ഈ സ്ഥാപനത്തിന്‍റെ ഭരണപരമായ തീരുമാനങ്ങൾ എടുക്കുന്നത് . വിവിധ പദ്ധതികളുടെ ആസൂത്രണം ,പദ്ധതി രൂപീകരണം ,നിർവഹണം ,വിലയിരുത്തൽ എന്നിവ സ്വാഭാവികമായും ഭരണ ചുമതലകളിപ്പെടുന്നു .
എൽ എസ് ജി ഡി എഞ്ചിനീയറിംഗ് വിംഗ്, ,കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, കൃഷി വകുപ്പ്, ക്ഷീര വികസന വകുപ്പ്, വ്യവസായ വകുപ്പ് ,സാമൂഹിക നീതി വകുപ്പ് , പട്ടിക വർഗ്ഗ വകുപ്പ്, പട്ടികജാതി വകുപ്പ് എന്നീ വകുപ്പുകൾക്ക് കീഴിലുള്ള ഘടക സ്ഥാപനങ്ങൾ , വിവിധ കേന്ദ്ര സംസ്ഥാനവിഷ്കൃത പദ്ധതികൾ മാർഗരേഖകൾ അനുസരിച്ച് നടപ്പിലാക്കുന്നതിലൂടെ അടിസ്ഥാന സൌകര്യ വികസനവും ,ക്ഷേമ പ്രവർത്തനങ്ങളും പ്രാവർത്തികമാക്കുന്നതിന് നിർണായക പങ്കു വഹിക്കുന്നു.
ജനകീയ ഭരണത്തിലും ഗ്രാമീണ വികസന പ്രവർത്തനങ്ങളിലും മാതൃകാപരമായ ഇടപെടലുകളിലൂടെ പരപ്പ ബ്ലോക്ക് പഞ്ചായത്ത് ദേശീയ ശ്രദ്ധ നേടിയിട്ടുണ്ട്. 2023 ജനുവരി മുതൽ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ആസ്പിരേഷണൽ ബ്ലോക്ക്സ് പ്രോഗ്രാമിന്റെ ഭാഗമായി മികച്ച പൊതുഭരണത്തിനുള്ള പ്രധാനമന്ത്രിയുടെ പുരസ്‌കാരം (Prime Minister's Award for Excellence in Public Administration) നേടിയതിലൂടെ ഭരണ-വികസന മേഖലകളിലെ മികവ് ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ടു.