ഫോട്ടോ ഗാലറി

ഭൂമിശാസ്ത്രം ഇനി പുസ്തകത്താളുകൾക്കപ്പുറം; സ്കൂളുകളിൽ ജിയോ ലേണിംഗ് ലാബുകൾ

ഭൂപടങ്ങളും ത്രിമാന മാതൃകകളും ഡിജിറ്റൽ ദൃശ്യാവിഷ്കാരങ്ങളുമൊരുക്കുന്ന പുതിയ പഠനലോകം. ഭൂമിശാസ്ത്രം പുസ്തകത്താളുകളിൽ നിന്ന് നേരിട്ടുള്ള അനുഭവങ്ങളിലേക്ക് മാറുമ്പോൾ വിദ്യാർത്ഥികൾക്ക് പഠനം കൂടുതൽ കൗതുകകരമാകുന്നു.
പരപ്പ ബ്ലോക്കിലെ സർക്കാർ വിദ്യാലയങ്ങളിൽ സജ്ജീകരിച്ച ജിയോഗ്രഫിക്കൽ ലേണിംഗ് ലാബുകൾ ഭൂമിശാസ്ത്ര പഠനത്തിന് പുതിയ അനുഭവം പകരുകയാണ്.

പരപ്പ ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി ബ്ലോക്ക് പരിധിയിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലായി ചിറ്റാരിക്കാൽ ഉപജില്ലയിലെ 10 സർക്കാർ വിദ്യാലയങ്ങളിലാണ് ജിയോ ലാബുകൾ ഒരുക്കിയത്. നീതി ആയോഗ് അനുവദിച്ച 20 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്.

ഭൂമിശാസ്ത്ര പഠനം കൂടുതൽ അനുഭവാത്മകവും ദൃശ്യവൽക്കൃതവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലാബുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഭൂപടങ്ങൾ, ത്രിമാന മാതൃകകൾ, ഇന്ററാക്ടീവ് ഡിസ്പ്ലേകൾ, ഡിജിറ്റൽ സംപ്രേക്ഷണ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുന്ന ഗാലക്‌സി തിയേറ്ററുകൾ വിദ്യാർത്ഥികൾക്ക് ഭൂമിശാസ്ത്രപരമായ ആശയങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്നു. കേവലം വിവരങ്ങൾ മനഃപാഠമാക്കുന്നതിന് പകരം കാഴ്ചകളിലൂടെയും ദൃശ്യാനുഭവങ്ങളിലൂടെയും അറിവ് നേടാൻ ഇതിലൂടെ അവസരമൊരുങ്ങുന്നു.

കാസർകോട് സമഗ്രശിക്ഷ കേരളവും ചിറ്റാരിക്കാൽ ബി.ആർ.സിയും സംയുക്തമായാണ് ഗാലക്‌സി തിയേറ്ററുകൾ സജ്ജീകരിച്ചത്. വിദ്യാഭ്യാസ മേഖലയിൽ സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി പഠനരീതിയിൽ ഗുണപരമായ മാറ്റം കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്.

ജി.എച്ച്.എസ്.എസ് അട്ടേങ്ങാനം, കൊട്ടോടി, ചായ്യോത്ത്, മാലോത്ത് കസബ, പരപ്പ, ബളാൽ, പെരുമ്പട്ട, ബളാംതോട്, ജി.എച്ച്.എസ് തയ്യേനി, കാലിച്ചാനടുക്കം എന്നീ വിദ്യാലയങ്ങളിലാണ് ജിയോ ലാബുകൾ സജ്ജീകരിച്ചിട്ടുള്ളത്.

പരപ്പ ബ്ലോക്കിന്റെ ആസ്പിരേഷണൽ ബ്ലോക്ക് പ്രവർത്തനങ്ങളിലെ ശ്രദ്ധേയമായ നേട്ടങ്ങളിലൊന്നായി മാറിയ പദ്ധതി, ഭൂമിശാസ്ത്ര പഠനത്തെ കൂടുതൽ ലളിതവും രസകരവും അനുഭവവേദ്യവുമാക്കുന്നതിനുള്ള മാതൃക കൂടിയാണ്.

 

ജിയോ ലാബ്

 

ജിയോ ലാബ്

 

ജിയോ ലാബ്

 

 

 

 

 

മൃഗ സംരക്ഷണം പരപ്പ മാതൃക

ജിയോ ലാബ് തയ്യേനി  ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്ക്കൂൾ