ഒറ്റ നോട്ടത്തില്‍

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ  6 ബ്ലോക്ക് പഞ്ചായത്തുകളിൽ ഒന്നാണ് പരപ്പ ബ്ലോക്ക് പഞ്ചായത്ത്. 2010-ൽ രൂപീകൃതമായ ഈ ബ്ലോക്ക് പഞ്ചായത്ത് ഗ്രാമീണ വികസനം, പ്രാദേശിക സ്വയംഭരണ പ്രവർത്തനങ്ങളുടെ ഏകോപനം, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികളുടെ നടപ്പാക്കൽ എന്നിവയിൽ സുപ്രധാന പങ്ക് വഹിച്ചുവരുന്നു. കിഴക്കൻ മലയോര മേഖലയിലെ വിശാലമായ ഭൂപ്രദേശം, പ്രത്യേക ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങൾ, വികസന ആവശ്യകതകൾ എന്നിവ പരിഗണിച്ചാണ് കേരള സർക്കാർ പരപ്പ ആസ്ഥാനമായി ഒരു പുതിയ ബ്ലോക്ക് പഞ്ചായത്ത് രൂപീകരിക്കാൻ തീരുമാനിച്ചത്. പനത്തടി, കോടോം ബേളൂർ, ഈസ്റ്റ് എളേരി , വെസ്റ്റ് എളേരി , കള്ളാർ ,കിനാനൂർ കരിന്തളം, ബളാൽ എന്നിങ്ങനെ 7 ഗ്രാമ പഞ്ചായത്തുകളിലായി 542.72 ചതുരശ്ര കി.മീ.ഭൂവിസ്തൃതിയിൽ 181247 പേരാണ് അധിവസിക്കുന്നത് . ജനസംഖ്യയുടെ 22% പേർ പട്ടികവർഗ്ഗക്കാരാണ്. പശ്ചിമഘട്ടത്തിന്റെ താഴ്വാരങ്ങളിൽ വിരിഞ്ഞുകിടക്കുന്ന ഈ നാട് സമ്പന്നമായ ജനകീയ കലാരൂപങ്ങൾ, ആദിവാസി പൈതൃകം, മതസൗഹാർദ്ദം, ആചാരാനുഷ്ഠാനങ്ങൾ, കാർഷിക പാരമ്പര്യം എന്നിവയുടെ സംഗമഭൂമിയാണ്.  ജനകീയ ഭരണത്തിലും ഗ്രാമീണ വികസന പ്രവർത്തനങ്ങളിലും മാതൃകാപരമായ ഇടപെടലുകളിലൂടെ പരപ്പ ബ്ലോക്ക് പഞ്ചായത്ത് ദേശീയ ശ്രദ്ധ നേടിയിട്ടുണ്ട്. ആസ്പിരേഷണൽ ബ്ലോക്ക്സ് പ്രോഗ്രാമിന്റെ ഭാഗമായി മികച്ച പൊതുഭരണത്തിനുള്ള പ്രധാനമന്ത്രിയുടെ പുരസ്‌കാരം (Prime Minister's Award for Excellence in Public Administration) നേടിയതിലൂടെ ഭരണ-വികസന മേഖലകളിലെ മികവ് ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ടു.